സൈനികാവശ്യത്തിന് ഭക്ഷണം വേണം; വ്യാജ ഓര്‍ഡര്‍ നടത്തി പണം തട്ടാന്‍ ശ്രമം

തിരുവനന്തപുരം: സൈനികാവശ്യത്തിനെന്ന പേരില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈനില്‍ പണം തട്ടാന്‍ ശ്രമം. ഹോട്ടലില്‍ ഫോണില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ബില്‍ തുക അക്കൗണ്ടിലിട്ട് തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

സൈന്യവുമായി ബന്ധമുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു കാര്‍ഡിന്റെ ചിത്രം വാട്ട്‌സപ്പില്‍ അയച്ചു കൊടുത്തു. തുടര്‍ന്ന് ഹോട്ടല്‍ മാനേജരോട് ഹോട്ടലിന്റെ എ.ടി.എം. കാര്‍ഡിന്റെ ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ പണമില്ലാത്ത അക്കൗണ്ടിന്റെ എ.ടി.എം. കാര്‍ഡ് ചിത്രങ്ങളാണ് അയച്ചു കൊടുത്തത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ താമസിയാതെ ഹോട്ടല്‍ മാനേജരെ വിളിക്കുകയും പണമയക്കാന്‍ മറ്റൊരു അക്കൗണ്ട് നമ്പര്‍ ചോദിക്കുകയുമായിരുന്നു.

ഇതോടെ, സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ അക്കൗണ്ട് നമ്പര്‍ അയക്കാതെ പിന്മാറുകയായിരുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. പരിശോധനയില്‍ ഫോണ്‍ വന്നത് അസമില്‍ നിന്നാണെന്നാണു മനസ്സിലായത്. സമാന രീതിയില്‍ ശ്രീകാര്യത്തെ ഹോട്ടലിലും തട്ടിപ്പു നടത്താന്‍ ശ്രമിച്ചിരുന്നു. അന്യസംസ്ഥാനത്തു നടക്കുന്ന കുറ്റകൃത്യമായതിനാല്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.

 

 

Top