വ്യാജ നമ്പര്‍ പ്ലേറ്റ് തരികിടകള്‍; വാഹനപരിശോധന ഊര്‍ജിതമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു നഗരത്തില്‍ വ്യാജനമ്പര്‍ പ്ലേറ്റുകളുപയോഗിക്കുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ വാഹനപരിശോധന ഊര്‍ജിതമാക്കി ട്രാഫിക് പോലീസ്. രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളില്ലാതെയും വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റുകളുമായും നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ് പിടികൂടുന്നത്. റോഡിലെ സി.സി.ടി.വി. ക്യാമറകളില്‍നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും രക്ഷപ്പെടാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് വാഹനമോടിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

ക്യാമറകളില്‍ പതിയാതിരിക്കാന്‍ ചിലര്‍ വ്യാജനമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും കൂടിയതിനെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കുകയായിരുന്നു. 2023 ഒക്ടോബര്‍ മുതലാണ് പരിശോധനകള്‍ ആരംഭിച്ചത്. സാമൂഹിക മാധ്യമ അക്കൗണ്ടില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

നമ്പര്‍ പ്ലേറ്റുകള്‍ മനഃപൂര്‍വം മറയ്ക്കുകയും കൃത്രിമം കാട്ടുകയും ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുന്നത് തുടരുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണര്‍ എം.എന്‍. അനുചേത് പറഞ്ഞു. 2022 ജൂലായ് മുതലാണ് നഗരത്തില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകള്‍ ട്രാഫിക് പോലീസ് സ്ഥാപിച്ചത്.കഴിഞ്ഞ മൂന്നുമാസത്തിനിടെ നമ്പര്‍ പ്ലേറ്റുകളില്ലാതെ വാഹനമോടിച്ചതിന് 1,535 കേസുകളും വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റുകളുമായി വാഹനമോടിച്ചതിന് 1,13,517 കേസുകളും നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് വാഹനമോടിച്ചതിന് 22 ക്രിമിനല്‍ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Top