കള്ളനോട്ട് വേട്ട ;അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറിയേക്കും. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിയോടും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോടും ഡിജിപി നിര്‍ദ്ദേശിച്ചു.

ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. കോഴിക്കോട് ഫറോക്കില്‍ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ടും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പിടികൂടുകയും ചെയ്തു.

കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശിയായ ഷെമീര്‍ ആണ്.ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. ഷമീര്‍ അച്ചടിച്ച നോട്ടുകള്‍ കോഴിക്കോടു നിന്ന് ആറ്റിങ്ങലില്‍ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.

മൂന്നു മാസത്തെ പരിശ്രമത്തിനൊടുവിലാണ് കള്ളനോട്ട് തയ്യാറാക്കിയതെന്ന് ഷെമീര്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.

Top