ദുരിതാശ്വാസനിധിയിലും തട്ടിപ്പ് ; വ്യാജ പ്രചരണത്തിന് ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍

arrest

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പര്‍ മാറ്റി പ്രചരിപ്പിച്ച് തട്ടിപ്പിന് ശ്രമിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി വിജയകുമാറിനെയാണ് സൈബര്‍ ഡോമിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയത്.

പ്രളയക്കെടുതി പരിഹരിക്കുന്നതിന് ധനസഹായം അഭ്യര്‍ഥിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗീകമായി നല്‍കിയ പരസ്യത്തില്‍ കൃത്രിമം കാണിച്ച് പ്രചരിപ്പിച്ച് പണം തട്ടാനായിരുന്നു ഇയാളുടെ ശ്രമം.

ഫോട്ടോഷോപ്പിന്റെ സഹായത്തോടെ പരസ്യത്തിലെ അക്കൗണ്ട് നമ്പര്‍ മാറ്റി സോഷ്യല്‍മീഡിയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കേരളത്തിന് സംഭാവന നല്‍കണമെന്ന രീതിയിലായിരുന്നു പ്രചരണം. ബാങ്കിന്റെ സഹായത്തോടെ വ്യാജപ്രചരണം നടത്തിയ ആളിന്റെ വിലാസം ശേഖരിച്ച് തിരുച്ചിറപ്പള്ളിയിലെത്തി ഇയാളെ പിടികൂടി. തിരുവനന്തപുരത്തെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തതായും സൈബര്‍ ഡോം കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് റദ്ദാക്കിയതിനാല്‍ അതിലേക്ക് പണം അയക്കാനാകില്ലെന്നും ആശങ്കയില്ലെന്നും സൈബര്‍ ഡോം മേധാവി ഐ ജി മനോജ് എബ്രഹാം പറഞ്ഞു. ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന എല്ലാവരെയും പിടികൂടുമെന്നും ഐ ജി വ്യക്തമാക്കി.

Top