സാലറി ചലഞ്ച്: ശമ്പളവിതരണം മുടങ്ങുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: സുപ്രീംകോടതിയുടെ സാലറി ചലഞ്ച് ഉത്തരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബളവിതരണം തടസപ്പെടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുന്‍മാസത്തേതു പോലെ തന്നെ ശമ്ബളവിതരണം നടക്കുന്നുണ്ട്. ഒക്ടോബറില്‍ ആദ്യത്തെ മൂന്നു ദിവസം 284998 രൂപയുടെ 32892 ശമ്പളബില്ലുകള്‍ മാറിയിരുന്ന സ്ഥാനത്ത് നവംബറില്‍ ഇക്കാലയളവില്‍ 336952 രൂപയുടെ 41448 ബില്ലുകളാണ് മാറിയത്.

സുപ്രിംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം നേരിടുന്നു എന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ട്രഷറി വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ട്രഷറികള്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിച്ചാണ് ബില്ലുകള്‍ മാറിയത്. പുതുക്കിയ ഉത്തരവനുസരിച്ച് ശമ്പളബില്ലുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ട്രഷറി ഡയറക്ടറേറ്റിലും ജില്ലാ ട്രഷറിയിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ട്രഷറിയിലെയും സ്പാര്‍ക്കിലെയും ജീവനക്കാരാണ് ഹെല്‍പ്പ് ഡെസ്‌കിന് നേതൃത്വം നല്‍കിയത്.

Top