Fake news on Jagathy: Kerala Police begin probe

തിരുവനന്തപുരം: സിനിമാ താരം ജഗതി ശ്രീകുമാര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് സൈബല്‍ സെല്‍ കേസെടുത്തു. ഇന്നലെയാണ് വാട്‌സ് ആപ്പ് വഴി വാര്‍ത്ത പ്രചരിച്ചത്. ഹൃദയാഘാതം മൂലം ജഗതി മരിച്ചെന്നും ഇന്ന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുമെന്നുമായിരുന്നു സന്ദേശം. മനോരമ ന്യൂസിന്റെ പേരിലാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്.

മനോരമ ന്യൂസ്, ജഗതിയുടെ മകന്‍ രാജ്കുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. വിഷയത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജ്കുമാര്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. വാര്‍ത്ത പ്രചരിച്ചത് ജഗതി ശ്രീകുമാറും അറിഞ്ഞു. അദ്ദേഹവും ഏറെ വിഷമിച്ചുവെന്നും രാജ്കുമാര്‍ വ്യക്തമാക്കി.

പ്രമുഖര്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത വാട്‌സ് ആപിലൂടെ പ്രചരിക്കുന്നത് ഇതാദ്യമല്ല. അഭിനേതാക്കളായ മാമുക്കോയ, ജിഷ്ണു, സലിംകുമാര്‍, മേനക എന്നിവര്‍ മരിച്ചു എന്ന വാര്‍ത്ത നേരത്തെ വിവിധ സമയങ്ങളില്‍ വാട്‌സ് ആപിലൂടെ പ്രചരിച്ചിരുന്നു.

Top