കൊറോണ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആലപ്പുഴയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: കൊറോണ വൈറസ് ബാധയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും വ്യാജ വാട്‌സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചിരുന്നു. വൈറസ് ബാധ സംബന്ധിച്ച് പലതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.

ഇത്തരം വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരേയും അത് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.

Top