കുടിയേറ്റ തൊഴിലാളികള്‍ക്ക് ട്രെയിന്‍; വ്യാജപ്രചാരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം: കുടിയേറ്റ തൊഴിലാളികള്‍ക്കായി ട്രെയിന്‍ എര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ എടവണ്ണ മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. അലീഷ് ഷാക്കിര്‍ (32) ആണ് മലപ്പുറം എടവണ്ണ പൊലീസിന്റെ പിടിയിലായത്. വാടസ് ആപ്പിലൂടെയാണ് അലീഷ് നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതായി ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റെരാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് അലീഷ് പൊലീസിനോട് പറഞ്ഞത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. അതേസമയം, കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൊവിഡിനെ ചെറുക്കാന്‍ നാടാകെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയത്ത് ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top