കൊറോണയെ പ്രതിരോധിക്കാന്‍ നാരങ്ങവെള്ളം; വ്യാജ സന്ദേശത്തിനെതിരെ പരാതി

കണ്ണൂര്‍: കൊറോണ വൈറസിനെ നേരിടാന്‍ നാരാങ്ങാവെള്ളം കുടിച്ചാല്‍ മതിയെന്ന് ഡോക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ കേസ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എസ് എം അഷ്‌റഫിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാജ സന്ദേശങ്ങള്‍ വ്യാപകമാകുന്നുണ്ടെന്നും പൊലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മനി പരീക്ഷിച്ച് വിജയിച്ചതാണ് ഈ മാര്‍ഗ്ഗമമെന്നും പിന്നീട് മരുന്ന് കമ്പനികള്‍ ഇതിന്റെ പ്രചാരണം തടഞ്ഞെന്നും വരെ പറഞ്ഞു വക്കുകയാണ് ശബ്ദ സന്ദേശം. പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. അഷ്‌റഫിന്റെ വാക്കുകള്‍ കേള്‍ക്കൂ എന്ന കുറിപ്പോടെയാണ് ഈ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് പ്രത്യക്ഷപ്പെട്ട സന്ദേശം വൈറലായതോടെയാണ് ഡോ.അഷ്‌റഫ് പൊലീസില്‍ പരാതി നല്‍കിയത്. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ വ്യാപകമാകുന്നുണ്ടെന്നും പൊലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.

Top