തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് യുഎഇ ഇന്ത്യന്‍ എംബസി

അബുദാബി: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രതാ നര്‍ദേശം നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി.

സിബിഎസ്ഇ സ്‌കൂളുകളില്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റിനെതിരേ കരുതിയിരിക്കണമെന്ന് എംബസി പറഞ്ഞു. അബുദാബിയിലെ സ്‌കൂളുകളുടെ പേരില്‍ വ്യാജ ജോലി ഓഫറുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എംബസിയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്‌കൂളുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായി മറ്റൊരു വെബ്‌സൈറ്റ് തട്ടിപ്പുകാര്‍ തയാറാക്കുകയും പേപ്പര്‍ വര്‍ക്കുകള്‍ക്കും വീസയ്ക്കുമായി ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തേടി ആളുകളെ വഞ്ചിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഡ്യൂണസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ പരംജിത് അലുവാലിയയും അഭ്യര്‍ഥിച്ചു. ആധ്വാനിച്ച് ഉണ്ടാക്കിയ പണം ആരും ഇത്തരം തട്ടിപ്പുകളില്‍ വീണ് നഷ്ടപ്പെടുത്തരുത്. ഓരോ റിക്രൂട്ടീംഗ് ഏജന്‍സികളുടെയും എല്ലാ വിശദാംശങ്ങളും ആധികാരികതയും അപേക്ഷകര്‍ വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top