വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്‍ത്തിക് അറസ്റ്റില്‍

തൃശൂര്‍ : പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്‍ത്തിക് അറസ്റ്റില്‍. ചിറ്റൂരില്‍ നിന്നാണ് വിപിന്‍ അറസ്റ്റിലായത്. വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു.

പാലക്കാട് ചിറ്റൂര്‍ പൊലീസ് പിടികൂടിയ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന് കൈമാറി. ഗുരുവായൂര്‍ പൊലീസ് വിപിനെ ചോദ്യം ചെയ്യുകയാണ്. വായ്പ തട്ടിപ്പുകേസില്‍ വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമളയും(58) മകന്‍ വിപിന്‍ കാര്‍ത്തിക്കും (29) ചേര്‍ന്നാണ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നായി ഇരുവരും ചേര്‍ന്ന് രണ്ട്കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ഈ പണം ഉപയോഗിച്ച് 12 ഓളം ആഢംബരകാറുകള്‍ ഇവര്‍ വാങ്ങിയിട്ടുണ്ട്. വായ്പയെടുത്ത് ആഡംബരക്കാറുകള്‍ വാങ്ങിയശേഷം ഇവ മറിച്ചുവില്‍ക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്ളാറ്റുമുണ്ട്. ഫ്ളാറ്റിലെ വിലാസത്തിലുള്ള ആധാര്‍ നല്‍കിയാണ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത്.

ജമ്മുകശ്മീരില്‍ ഐ.പി.എസ്. ഓഫീസര്‍ ട്രെയിനിയാണെന്നു പറഞ്ഞ് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍ പലതവണ വിപിന്‍ കാര്‍ത്തിക് വന്നതായാണ് വിവരം. അപ്പോഴെല്ലാം പോലീസുകാര്‍ സല്യൂട്ട് നല്‍കി ബഹുമാനിക്കുകയും സത്കരിക്കുകയും ചെയ്തിട്ടുണ്ട്.

Top