വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം; നാളെ 11 മണിക്ക് കോടതിയില്‍ ഹാജരാകണം

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നാളെ രാവിലെ വരെ ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. അഭി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിനു വേണ്ടിയാണ് ജാമ്യം നല്‍കിയത്. നാളെ 11 മണിക്ക് നാല് പ്രതികളും കോടതിയില്‍ ഹാജരാകണം. ഇന്ന് മ്യൂസിയം പൊലീസാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കുന്നത്. കേസെടുത്ത് യൂത്ത് കോണ്‍ഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും, കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നുമാണ് രാഹുലിന്റെ അവകാശവാദം. അന്വേഷണ സംഘത്തിന് മുന്നില്‍ സംഘടന പ്രതിരോധം തീര്‍ക്കില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ നെഞ്ചുവേദന വരില്ലെന്നും പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ നാല് പേര്‍ പിടിയിലായതോടെ എ ഗ്രൂപ്പിനുള്ളില്‍ അതൃപ്തി പുകയുകയാണ്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് വിവരം. ഗ്രൂപ്പിനുള്ളില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. പല വിഭാഗങ്ങളായായിരുന്നു തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മത്സരിച്ചത്.

Top