വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ജയ്‌സണ്‍ മുകളേലിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജയ്‌സണ്‍ മുകളേലിനെ പ്രതി ചേര്‍ക്കും. റിപ്പോര്‍ട്ട് തിരുവനന്തപുരം സിജിഎം കോടതിയില്‍ സമര്‍പ്പിക്കും. ആപ്പ് ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ മുഖ്യകണ്ണി ജെയ്‌സനാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കാന്‍ ജയ്‌സണ്‍ സാങ്കേതിക സഹായം നല്‍കിയെന്നും പൊലീസ് പറഞ്ഞു.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിനോട് ഇന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്ത് വ്യാപകമായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതായും വിവിധ ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പില്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ തെളിവ് ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. മ്യൂസിയം പൊലീസ് സ്റ്റേഷനിന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു.

Top