1 ലക്ഷം വ്യാജ സാനിറ്റൈസര്‍ വിറ്റു നേടിയത് 1.4 കോടി; ദുരിതകാലത്തും നോട്ടം പണം?

കൊറോണാവൈറസ് ലോകത്ത് ആശങ്ക വിതച്ച് മുന്നേറുകയാണ്. ഇന്ത്യയിലും ഇന്‍ഫെക്ഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വിദേശത്ത് നിന്നും എത്തിയവരാണ് രോഗം നാട്ടിലുള്ളവര്‍ക്ക് കൈമാറിയതില്‍ ഭൂരിഭാഗം കേസുകളും. നാട്ടിലുള്ളവര്‍ പരസ്പരം രോഗം കൈമാറിയിട്ടില്ലെന്ന ആശ്വാസത്തിന്റെ നാളുകളാണ് ഇപ്പോഴുള്ളത്. ഈ ജാഗ്രത തുടര്‍ന്നാല്‍ മാത്രമേ രോഗം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത് തടയാനും സാധിക്കൂ.

ഇന്‍ഫെക്ഷന്‍ പടരുന്നത് ഒഴിവാക്കാന്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് സുപ്രധാനമാണ്. ഇതിന് ഹാന്‍ഡ് സാനിറ്റൈസര്‍ ഫലപ്രദമാണെന്ന് മനസ്സിലാക്കിയതോടെ ഇത് വാങ്ങാന്‍ ആളുകള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പലയിടത്തും സ്റ്റോക്ക് പോലും തീര്‍ന്നതോടെ സംഗതി കണികാണാന്‍ കിട്ടാത്ത അവസ്ഥയാണ്. അവസരം മുതലാക്കി ചില വിരുതന്‍മാര്‍ വ്യാജ ഉത്പന്നങ്ങള്‍ ഇറക്കി പണം വാരുന്ന കാഴ്ചയും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിലാണ് പോലീസും, ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന് ഇത്തരം ഒരു വ്യാജ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയത്. ബാച്ച് കണക്കിന് വ്യാജ ഉത്പന്നങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം അവിടെയെത്തിയത്.

40 ലക്ഷം രൂപ മൂല്യമുള്ള 100 എംഎല്‍ സാനിറ്റൈസറുകളുടെ 25000 യൂണിറ്റും, നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തു. പ്രതികള്‍ ഇതിനകം 1 ലക്ഷം ബോട്ടിലുകള്‍ നിര്‍മ്മിച്ച് വിറ്റഴിച്ചതായും, 1.4 കോടി രൂപ വരുമാനം കൈക്കലാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സെമുന്‍സ് ക്ലെന്‍സെം ഹാന്‍ഡ് സാനിറ്റൈസര്‍, കൗസ്തുബ കൊക്ലിയന്‍ 19 ഹാന്‍ഡ് സാനിറ്റൈസര്‍ എന്നീ പേരുകളിലാണ് വ്യാജന്‍മാരെ ഇവര്‍ പുറത്തിറക്കിയത്. 3 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

സാനിറ്റൈസറുകളുടെ ലഭ്യത കുറഞ്ഞ അവസരം മുതലെടുത്ത് വിവിധ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വഴി പ്രമുഖ മെഡിക്കല്‍ ഷോപ്പുകളിലേക്ക് വരെ ഇവര്‍ വ്യാജ ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നു. വൈറസിന് എതിരെ മാത്രമല്ല ഇത്തരം വ്യാജന്‍മാര്‍ക്ക് എതിരെയും ഈ ഘട്ടത്തില്‍ ജാഗ്രത പുലര്‍ത്തേണ്ട അവസ്ഥയാണുള്ളത്.

Top