സൈനികരെ കെണിയില്‍ വീഴ്ത്താനെന്ന് സംശയം;125 ഫെയ്സ്ബുക്ക് ഐഡികള്‍ നിരീക്ഷണത്തില്‍

ലഖ്നൗ: സൈനിക ഓഫീസര്‍മാരെ കുടുക്കാനായി ഉണ്ടാക്കിയതെന്ന് കരുതുന്ന 125 ഓളം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ നിരീക്ഷണത്തില്‍. സ്ത്രീകളുടെ പേരിലുള്ള 125 അക്കൗണ്ടുകള്‍ പൊലീസ് സേനയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് നിരന്തരം നിരീക്ഷിക്കുന്നത്. ഫേക്ക് ഐഡികള്‍ക്ക് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ആയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണിത്.

സംശയകരമായ ഈ അക്കൗണ്ടുകളില്‍ കരസേനയിലെയും അര്‍ധസൈനിക വിഭാഗങ്ങളിലുമുള്ള ഓഫീസര്‍മാരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എ.ടി.എസ് അന്വേഷണം തുടങ്ങിയതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇതുസംബന്ധിച്ച വിവരങ്ങള്‍ യു.പി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജന്‍സിനും കൈമാറിയിട്ടുണ്ട്. പാക് ചാരസംഘടന കെണിയില്‍പ്പെടുത്തിയ ബ്രഹ്മോസ് എയ്റോസ്പേസ് എന്‍ജിനിയര്‍ നിഷാന്ത് അഗര്‍വാള്‍, ബി.എസ്.എഫ് ജവാന്‍ അച്യുതാനന്ദ് ശര്‍മ എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സമൂഹ മാധ്യമ ഇടപെടലുകള്‍ കര്‍ശനമായി നിരീക്ഷിച്ചു തുടങ്ങിയതെന്നാണ് എ.ടി.എസ് പറയുന്നത്.

Top