‘ഗവർണറും സർക്കാരും തമ്മിലുള്ളത് വ്യാജ ഏറ്റുമുട്ടൽ’; വി.ഡി സതീശൻ

തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കാനുള്ള ​ഗവർണറുടെ ആവശ്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് തന്റെ പ്രീതി അനുസരിച്ച് ഒരിക്കലും മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ല.

മുഖ്യമന്ത്രിയുടെ ശുപാര്‍ശയോടുകൂടി മാത്രമേ ഗവര്‍ണര്‍ക്ക് അതിന് സാധിക്കൂ. ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് നേരത്തെയും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് പ്രത്യക്ഷത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലായി നമുക്ക് തോന്നും. പക്ഷേ അങ്ങനെയല്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നതെന്ന് സതീശൻ ആരോപിച്ചു. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നതെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം, ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഗവർണറുടേതെന്ന് കെ. മുരളീധരൻ എം.പിയും പറഞ്ഞു. മന്ത്രിമാരെ കുറിച്ചുള്ള അഭിപ്രായം ഗവർണർക്ക് മുഖ്യമന്ത്രിയോട് പറയാം. മന്ത്രിമാരെ നീക്കം ചെയ്യാനുള്ള അധികാരമില്ല. ഇന്നലെ രാജാവായിരുന്നെങ്കിൽ ഇന്ന് ചക്രവർത്തിയാവാനാണ് ഗവർണറുടെ ശ്രമമെന്നും മുരളീധരൻ‍ വിമർശിച്ചു.

 

Top