ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ; സമീര്‍ വാങ്കഡെക്കെതിരെ പരാതി

മുംബൈ: ജോലി സംവരണം ലഭിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി പരാതി. അഭിഭാഷകനായ ജയേഷ് വാനിയാണ് മുംബൈ പൊലീസിന് വ്യാഴാഴ്ച പരാതി നല്‍കിയത്. ഇതോടെ കൈക്കൂലി കേസ് ഉള്‍പ്പെടെ വാങ്കഡെക്കെതിരെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. സമീറിനെതിരെ നാല് മറ്റ് പരാതികളുള്ളതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നേരത്തെ ബോംബെ ഹൈകോടതിയെ അറിയിച്ചിരുന്നു.

വാങ്കഡെ നിയമവിരുദ്ധമായാണ് പട്ടികജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയതെന്ന് മുംബൈയിലെ എം.ആര്‍.എ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അഡ്വ. ജയേഷ് വാനി ആരോപിച്ചു. വാങ്കഡെക്കെതിരെ ഐ.പി.സി 406, 409, 420, 468, 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സമീര്‍ ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവ് ജ്ഞാനദേവ് ഇസ്‌ലാം സ്വീകരിച്ച് ദാവൂദ് എന്ന പേര് സ്വീകരിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ഇതിന് തെളിവായി സമീറിന്റെ ആദ്യവിവാഹത്തിന്റെ രേഖകളും പരാതിയോടൊപ്പം സമര്‍പ്പിച്ചു.

മയക്കുമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ മോചിപ്പിക്കാന്‍ സമീര്‍ വാങ്കഡെയും എന്‍.സി.ബി ഉദ്യോഗസ്ഥരും ഷാരൂഖില്‍നിന്ന് 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിനെതിരെ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൈക്കൂലി കേസ് സി.ബി.ഐയോ ഏതെങ്കിലും കേന്ദ്ര ഏജന്‍സിയോ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, ഡല്‍ഹിയില്‍ നിന്നുള്ള എന്‍സിബി സംഘവും വാങ്കഡെക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കും. ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് കണ്ടെത്തുന്നത് വരെ ആര്യന്‍ ഉള്‍പ്പെട്ട കേസില്‍ വാങ്കഡെ അന്വേഷണ ഉദ്യോഗസ്ഥനായി തുടരുമെന്ന് എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ് പറഞ്ഞു.

 

Top