ചൈനയില്‍ കോടികളുടെ കൊവിഡ് വാക്‌സിന്‍ തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

ബെയ്ജിങ്:ചൈനയില്‍ വ്യാജ കൊവിഡ് വാക്‌സിനുകള്‍ ഉണ്ടാക്കി കച്ചവടം ചെയ്യ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റുചെയ്തു.വ്യാജ വാക്‌സിന്‍ തട്ടിപ്പ് സംഘത്തിന്റെ തലവനായ കോങ് എന്നയാളാണ് പിടിയിലായത്. ഉപ്പു ലായനിയും മിനറല്‍ വാട്ടറുമാണ് ഇയാള്‍ കൊവിഡ് വാക്‌സിനെന്ന് പറഞ്ഞ് കച്ചവടം ചെയ്തിരുന്നത്. നിരവധി പേരാണ് ഇത്തരത്തില്‍ വ്യാജ കൊവിഡ് വാക്‌സിന്റെ കുത്തിവെപ്പ് സ്വീകരിച്ചത്.

യഥാര്‍ഥ വാക്‌സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങ് വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വ്യാജ വാക്‌സിനുകളുടെ നിര്‍മാണം തുടങ്ങിയിരുന്നു. ഇതില്‍ 600 ബാച്ച് വാക്്‌സിനുകള്‍ നവംബറില്‍ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്‌സിന്‍ കടത്തി. തട്ടിപ്പിലൂടെ കോങ് ഉള്‍പ്പെടെയുള്ള സംഘം ഏകദേശം 18 മില്യണ്‍ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.

വ്യാജ വാക്‌സിനുകളുമായി ബന്ധപ്പെട്ട് കോങ് ഉള്‍പ്പെടെ എഴുപതോളം പേരെയാണ് ചൈനയില്‍ പിടികൂടിയിട്ടുള്ളത്. ഉയര്‍ന്ന വിലയ്ക്ക് വ്യാജ വാക്‌സിനുകള്‍ ആശുപത്രിയില്‍ വിറ്റവരും നാട്ടുവൈദ്യന്മാരെ ഉപയോഗിച്ച് ഗ്രാമങ്ങളില്‍ കുത്തിവെയ്പ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമേ, വീടുകള്‍ കേന്ദ്രീകരിച്ച് വ്യാജ വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കിയവരും പിടിയിലായവരിലുണ്ട്.വ്യാജ വാക്‌സിനുകള്‍ വന്‍തോതില്‍ വിപണിയിലെത്തുന്നതിനാല്‍ ഇതിനെതിരേ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Top