വ്യാജ കൊവിഡ് മരുന്നുകള്‍ വിപണിയില്‍ സുലഭം; ഒരാള്‍ പിടിയില്‍

banned-medicines

മുംബൈ: വ്യാജ കൊവിഡ് മരുന്നുകള്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫവിപിരവിറിന്റെ വ്യാജമരുന്നുകള്‍ നിര്‍മ്മിച്ചതിനും വിതരണം ചെയ്തതിനും ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ വ്യാജ കൊവിഡ് മരുന്നുകളുടെ നിര്‍മ്മാണവും വില്‍പനയുമായി ബന്ധപ്പെട്ട മൂന്ന് പേരെ പൊലീസ് പിടിക്കൂടിയിട്ടുണ്ട്.

മീററ്റിലെ ഒരു മരുന്ന് നിര്‍മ്മാണശാലയിലെ ജീവനക്കാരനായ സന്ദീപ് മിശ്രയാണ് പിടിയിലായത്. മഹാരാഷ്ട്രയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മുംബൈയില്‍ നടത്തിയ റെയ്ഡിലാണ് ഒന്നരകോടി രൂപ വിലവരുന്ന ഫവിമാക്‌സ് 400, ഫവിമാക്‌സ് 200, ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ എന്നീ മരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തുകയായിരുന്നു. മരുന്നുകളുടെ മാക്‌സ് റിലീഫ് എന്ന കമ്പനി പേരില്‍ അന്വേഷിച്ചു പോയപ്പോഴാണ് ഇവര്‍ വ്യാജന്മാരാണെന്ന് പോലീസ് കണ്ടെത്തിയത്.

കൂടുതല്‍ അന്വേഷണത്തില്‍ മാക്‌സ് റിലീഫിന്റെ നോയിഡയിലെ ഫാക്ടറിയില്‍ ഉണ്ടാക്കുന്ന വ്യാജ മരുന്നുകള്‍ വളരെകാലമായി മഹാരാഷ്ട്രയിലുടനീളം വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെയ് 30 ന് മാക്‌സ് റിലീഫിന്റെ ഉടമയായ സുധീപ് മുഖര്‍ജി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവുകയും കമ്പനി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് ഉത്തര്‍പ്രദേശിലെ മീറത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും സുധീപ് മുഖര്‍ജിക്ക് മരുന്നുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന സന്ദീപ് മിശ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Top