ഇന്ത്യന്‍ നിര്‍മ്മിത ബോഫോഴ്‌സ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍, സി.ബി.ഐ അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: ബോഫോഴ്‌സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ച് സി.ബി.ഐ.

പീരങ്കിക്കുവേണ്ട ഉപകരണങ്ങളില്‍ ജര്‍മന്‍ നിര്‍മിതമെന്ന വ്യാജേന ചൈനയില്‍ നിന്നുള്ള ഭാഗങ്ങള്‍ കയറിക്കൂടിയതാണ് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്.

സംഭവത്തില്‍ ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കും വിലകുറഞ്ഞ വ്യാജ ഉത്പന്നങ്ങള്‍ വിറ്റതിനുമാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.

ഇതില്‍ സംശയത്തിന്റെ മുന നീളുന്നത് സിധ് സെയില്‍സ് സിന്‍ഡിക്കേറ്റ്, ജബല്‍പുര്‍ ഗണ്‍സ് കാര്യേജ് ഫാക്ടറി എന്നിവയ്‌ക്കെതിരെയാണ്. തോക്കുകളുടെ വിതരണക്കാര്‍ ജബല്‍പുര്‍ ഗണ്‍സ് കാര്യേജ് ഫാക്ടറി ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് വിലകുറഞ്ഞ വ്യാജന്‍ തിരുകിക്കയറ്റുകയായിരുന്നു എന്ന് സി.ബി.ഐ ആരോപിച്ചു.

ചൈനയില്‍ നിര്‍മിച്ച വയര്‍ റേസ് റോളര്‍ ബെയറിംഗുകളാണ് ജര്‍മനിയില്‍ നിര്‍മിച്ചതെന്ന ലേബല്‍ പതിച്ച് ധനുഷ് പീരങ്കികളില്‍ ഉപയോഗിച്ചത്. തോക്കുകളിലെ സുപ്രധാന ഘടകമാണ് വയര്‍ റേസ് റോളര്‍ ബെയറിങ്ങുകള്‍. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വ്യാപകമായി ഉപയോഗിച്ചതാണ് ധനുഷ് പീരങ്കികള്‍.

Top