വ്യാജ സര്‍ട്ടിഫിക്കറ്റ്: സൗദിയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ ജയിലില്‍

ദമ്മാം: ജോലി തരപ്പെടുത്തുന്നതിനായി വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്‌സുമാര്‍ സൗദിയിലെ ദമ്മാമില്‍ അറസ്റ്റിലായി.

നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്.

ക്രിമിനല്‍ കുറ്റം ചുമത്തി നഴ്‌സുമാരെ ജയിലില്‍ അടച്ചതായും മന്ത്രാലയം അറിയിച്ചു. എന്നാല്‍ പിടിയിലായവരുടെ പേര് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

സൗദിയില്‍ ആരോഗ്യ മേഖലയില്‍ ജോലി ലഭിക്കണമെങ്കില്‍ നാട്ടില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്.

2005ന് ശേഷം സൗദിയിലെ ആരോഗ്യ മേഖലയില്‍ ജോലി നേടിയവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടത്. ഇവരില്‍ ചിലരുടേത് ട്രാവല്‍ ഏജന്‍സികള്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സൗദി മോഡലില്‍ യുഎഇയ്ക്ക് കീഴിലെ മറ്റ് അറബ് രാഷ്ട്രങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നാണ് സൂചനകള്‍.

Top