സ്പേസ് പാർക്കിൽ ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ്; ബുധനാഴ്ച സ്വപ്നയ്ക്കെതിരായ കേസ് കോടതിയിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ സ്ഥാപനമായ സ്പേസ് പാർക്കിൽ ജോലി നേടിയെന്ന കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്ന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അവധിയായതിനാൽ മറ്റേതെങ്കിലും കോടതി കേസ് പരിഗണിക്കണമെന്ന് കാട്ടി സ്വപ്‌ന സുരേഷ് ഹർജി സമർപ്പിച്ചിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (നാല്) കേസ് പരിഗണിക്കുന്നത്. സ്വപ്ന ബുധനാഴ്ച കോടതിയിൽ ഹാജരായേക്കും.

സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. സ്പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിനു (പിഡബ്ല്യുസി) കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്ന നിലപാടിലാണ് പിഡബ്ല്യുസി.

19,06,730 രൂപയാണ് ഐടി വകുപ്പ് സ്വപ്നയുടെ ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.

പിഡബ്ല്യുസിയിൽനിന്നു തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎൽ ചെയർമാനുമായിരുന്ന ശിവശങ്കർ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്നു തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്നു തിരിച്ചു പിടിക്കണമെന്നു നിർദേശിച്ചു. ശമ്പളം പിഡബ്ല്യുസിയിൽനിന്നു തിരിച്ചു പിടിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് കെഎസ്ഐടിഐഎല്‍ പറയുന്നു.

Top