ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം; അബ്ദുല്‍ മനാഫിനെതിരെ കേസ്

കാസര്‍കോട്: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ കേസ്. കുശ്ചത്തൂര്‍ സ്വദേശി അബ്ദുല്‍ മനാഫിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ഐടി നിയമ പ്രകാരവും കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണമുണ്ടാക്കാനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നും പറയുന്ന ശബ്ദ സന്ദേശം ചില സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. വ്യാപകമായി പ്രചരിച്ച ശബ്ദശകലം ശ്രദ്ധയില്‍ പെട്ടതോടെ ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം, കേരളത്തെ ഞെട്ടിച്ച ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. നാളെ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

Top