മൂവാറ്റുപുഴയില്‍ കോവിഡ് വ്യാപനം നടന്നുവെന്ന് വ്യാജ പ്രചരണം; യുവാവ് അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കോവിഡ് വ്യാപനം നടന്നുവെന്ന് വ്യാജ പ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാറാടി മീങ്കുന്നം കുന്നുംപുറത്ത് ജിബിന്‍ ജോസിനെയാണ് (25) അറസ്റ്റ് ചെയ്തത്.

വ്യാജ പ്രചരണത്തെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ട വിവാഹ നിശ്ചയങ്ങളടക്കമുള്ള നിരവധി ചടങ്ങുകള്‍ മാറ്റിവച്ചിരുന്നു.
പലരും വീടുകളില്‍ നിരീക്ഷണത്തില്‍ പോയ സ്ഥിതിയുണ്ടായി.ജനങ്ങള്‍ പരിഭ്രാന്തരായി പോലീസിലും, മാധ്യമ സ്ഥാപനങ്ങളിലുമടക്കം വിളിച്ച് നിജസ്ഥിതി അന്വേഷിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ നിന്നെത്തിയ യുവതിക്ക് സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജിബിന്‍ ജോസ് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.യുവതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്ന് ഹോട്ടലുകളിലും, ബേക്കറികളിലും, തുണിക്കടകളിലും കയറിയിറങ്ങി എന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിപ്പിച്ചത്. വ്യാജവാര്‍ത്ത പരന്നതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലായി.

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ യുവതിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ക്വറന്‍ൈറന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഇവര്‍ക്ക് രോഗം കണ്ടെത്തുകയായിരുന്നു.

Top