വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; സര്‍ട്ടിഫിക്കറ്റിനായി പണം കൈപ്പറ്റിയെന്ന് അനില്‍കുമാറിന്റെ മൊഴി

കൊച്ചി: കളമശ്ശേരി വ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സാമ്പത്തിക ഇടപാടുണ്ടായെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാര്‍ സര്‍ട്ടിഫിക്കറ്റിനായി പണം നല്‍കിയെന്നാണ് അനില്‍കുമാറിന്റെ മൊഴി. ജാമ്യം ലഭിച്ച ശേഷം എല്ലാകാര്യങ്ങളും തുറന്നുപറയുമെന്നും അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മധുരയില്‍ ഒളിവിലിരിക്കെയാണ് കേസിലെ പ്രധാനപ്രതിയും കളമശ്ശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമായ അനിൽ കുമാറിനെ അന്വേഷണ സംഘം പിടികൂടിയത്.

വ്യാജജനന സര്‍ട്ടിഫിക്കറ്റ് ഇടപാടില്‍ വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന കിട്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇക്കാര്യം അനില്‍കുമാര്‍ സമ്മതിക്കുകയായിരുന്നു. പണത്തിനു വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയതെന്നും കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാര്‍ തുക നല്‍കിയെന്നും അനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. സുഹൃത്ത് വഴിയാണ് കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാരെ പരിചയപ്പെട്ടതെന്നും അനില്‍കുമാര്‍ മൊഴി നല്‍കി. അനില്‍ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ നേരത്തെ ഏറ്റെടുത്ത ദമ്പതിമാരെ പൊലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷം അടുത്ത ആഴ്ച്ച അനില്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Top