സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫാസില്‍ ഫരീദ് അല്ല ഫൈസല്‍ ഫരീദ്; പേര് തിരുത്തി

കൊച്ചി: തിരുവനന്തപുരം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മൂന്നാം പ്രതി തൃശ്ശൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് എന്ന് തിരുത്തി എന്‍ഐഎ. എഫ്‌ഐആറില്‍ പേരും മേല്‍വിലാസവും തെറ്റായി നല്‍കിയത് തിരുത്തണമെന്ന എന്‍ഐഎ അപേക്ഷ കോടതി അംഗീകരിച്ചു. ഫൈസല്‍ ഫരീദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം എന്‍ഐഎ തുടങ്ങി.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തില്‍ സ്വര്‍ണ്ണം അയച്ചത് ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസില്‍ ഫരീദ് ആണെന്നായിരുന്നു കസ്റ്റംസും എന്‍ഐഎയും നേരത്തെ വ്യക്തമാക്കിയത്. ഹൈക്കോടതിയില്‍ അടക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ പേര് തന്നെ അറിയിച്ചു. ഫാസില്‍ ഫരീദിനെ മൂന്നാം പ്രതിയാക്കി എന്‍ഐഎ എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ വിലാസം തെറ്റിയെന്ന് എന്‍ഐഎയ്ക്ക് ബോധ്യമായി.

ഈ സാഹചര്യചര്യത്തിലാണ് എഫ്‌ഐആറിലെ മേല്‍വിലാസവും പേരും തിരുത്തണമെന്ന ആവശ്യവുമായി എന്‍ഐഎ വീണ്ടും പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ ഫൈസല്‍ ഫരീദ് ആണ് പിടിയിലാകാനുള്ള പ്രതിയെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. നയതന്ത്ര പരിരക്ഷയോടെ സ്വര്‍ണ്ണമടക്കമുള്ള ബാഗ് അയക്കാന്‍ വ്യാജ രേഖ നിര്‍മ്മിച്ചതില്‍ അടക്കം ഇയാളുടെ പങ്ക് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പോലും വഷളാക്കുന്നനിലയിലേക്ക് എത്തിച്ചെന്നും എന്‍ഐഎ അറിയിച്ചു.

Top