സ്വര്‍ണക്കടത്ത് കേസ് : പ്രതി ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടിസ് അയക്കും

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കവുമായി എന്‍ഐഎ. ഫൈസല്‍ ഫരീദിനായി ഉടന്‍ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. കുറ്റവാളിയെന്നു സംശയിക്കുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണു ബ്ലൂ നോട്ടിസ് നല്‍കുന്നത്.

ഇതിനായി എന്‍ഐഎയുടെ കോടതിയില്‍ നിന്ന് ഓപ്പണ്‍ വാറണ്ട് തേടിയിട്ടുണ്ട്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസല്‍ ഫരീദെന്ന് എന്‍ഐഎ പറഞ്ഞു. ഫൈസലിനായി കോടതി ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണെന്നും ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എന്‍.ഐ.എ. സംഘം കോടതിയെ അറിയിച്ചിരുന്നു. ഫൈസല്‍ താമസിക്കുന്നത് ദുബായ് അല്‍റാഷിദിയയിലാണെന്നും വിവരം. ഇയാള്‍ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എന്‍ഐഎ അധികൃതര്‍ പറയുന്നു. ഫൈസലിന് ദുബായില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

Top