ഫഹദ് ഫാസിലിന്റെ ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’യില്‍ ഫൈസല്‍ ഫരീദും?

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന മലയാള സിനിമയില്‍ അഭിനയിച്ചതായുളള വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ വാസുദേവന്‍ സനല്‍.

‘2014ല്‍ ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലെ ഒരു സീനില്‍ പൊലീസ് വേഷം ചെയ്യാന്‍ രണ്ടു യുവാക്കളെ ആവശ്യമുണ്ടെന്ന് അവിടെ അഭിനേതാക്കളെ കോര്‍ഡിനേറ്റ് ചെയ്യുന്ന ആളെ അറിയിച്ചിരുന്നു. അറബ് ഭാഷ അറിയാവുന്ന അവിടുത്തെ മുഖച്ഛായയുള്ള രണ്ടു പേരെ വേണമെന്ന് ആവശ്യം പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഇവര്‍ സിനിമയില്‍ എത്തുന്നത്. സെക്കന്‍ഡുകള്‍ മാത്രമുള്ള പ്രാധാന്യമില്ലാത്ത റോളാണ് ചെയ്തത്’ സംവിധായകന്‍ പറഞ്ഞു.

തനിക്ക് അവരുടെ മുഖം ഓര്‍മ്മയില്ലെന്നും ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന ഫൈസലിന്റെ മുഖം കണ്ടിട്ട് അത് ഓര്‍ത്തെട്ുക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് തന്റെ സിനിമയില്‍ അഭിനയിച്ചത് ഫൈസല്‍ ഫരീദാണെന്ന് മാധ്യമങ്ങളില്‍ വന്നപ്പോഴാണ് മനസ്സിലാക്കുന്നത്. എന്നാല്‍ അയാള്‍ തന്നെയാണോ ഈ ഫൈസല്‍ എന്നും അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ഷാര്‍ജയില്‍ ചിത്രീകരിച്ച സിനിമയുടെ ഭാഗത്തില്‍ മൂന്ന് സെക്കന്‍ഡ് ഒരു അറബ് പൊലീസുകാരന്റെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിത്തിന്റെ ക്രെഡിറ്റ്‌സ് ലൈനിലും ഫൈസല്‍ ഫരീദിന്റെ പേര് വന്നിരുന്നു. നേരത്തെ നാലു മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കിയെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

പണം മുടക്കുന്ന സിനിമകളില്‍ നിര്‍മാതാക്കള്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രവണത മലയാള സിനിമയില്‍ പലപ്പോഴും കണ്ടുവരുന്നുണ്ട്. ഈ വഴിയിലൂടെ തന്നെയാണോ ഫൈസല്‍ ഫരീദും സിനിമയില്‍ എത്തിയതെന്ന കാര്യത്തിനും വ്യക്തമല്ല.

Top