കഴിവ് തെളിയിച്ചില്ലെങ്കില്‍ കെ എസ് യുവില്‍ സ്ഥാനം നഷ്ടമാകും; പുതിയ മാനദണ്ഡങ്ങളുമായി എന്‍ എസ്‌ യു ഐ

തിരുവനന്തപുരം: എന്‍ എസ്‌ യു ഐ നേതൃത്വം പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇതനുസരിച്ച് കഴിവ് തെളിയിക്കാത്ത ഭാരവാഹികള്‍ക്ക് കെ എസ് യുവില്‍ സ്ഥാനം നഷ്ടമാകും. മികവ് തെളിയിച്ചാല്‍ സ്ഥാനക്കയറ്റവും ലഭിക്കും. 45 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാവും തീരുമാനമെടുക്കുക. എന്‍എസ്‌യുഐയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിയായി കനയ്യ കുമാര്‍ വന്നതിനു ശേഷമാണ് പുതിയ പരിഷ്‌കാരം. എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങാനിരിക്കുന്ന പുതിയ രീതിക്ക് കേരളത്തില്‍ നിന്നാണ് തുടക്കം. എന്നാല്‍ കേരളം ഈ മാനദണ്ഡം നടപ്പാക്കാന്‍ പറ്റിയ വിളനിലമല്ലെന്ന് വാദിച്ച സംസ്ഥാനത്തെ കെഎസ്‌യു നേതാക്കളും കോണ്‍ഗ്രസ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലും പരിഷ്‌കാര നടപടിയോട് കടുത്ത ഭിന്നതയാണ്.

വിവാഹം കഴിഞ്ഞവരും പ്രായപരിധി പിന്നിട്ടവരും സംസ്ഥാന ഭാരവാഹികളായതിന്റെ ക്ഷീണം മാറും മുന്‍പാണ് സംഘടനയ്ക്ക് പുതിയ തലവേദന. രണ്ടാംഘട്ട പുനസംഘടനയുടെ ഭാഗമായാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, കണ്‍വീനര്‍മാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കും. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികളെ കെഎസ്യുവില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

ജില്ലാ, ബ്ലോക്ക് തല പുനസംഘടനയിലും എന്‍എസ്‌യു നേതൃത്വം പിടിമുറുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഗ്രൂപ്പ് വീതം വയ്പിന് പകരം കൃത്യമായ മാനദണ്ഡം ഇറക്കിയാണ് പരിഗണന. എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡന്റുമാര്‍ അധ്യക്ഷനായും സംസ്ഥാന ഭാരവാഹികള്‍ അംഗങ്ങളായുമുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക ദേശീയ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഭാരവാഹികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നുമുതല്‍ അപേക്ഷ നല്‍കാം. ഓഗസ്റ്റ് പത്താം തീയതി വരെയാണ് സമയം.

Top