ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയം; വി ഡി സതീശന്‍

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ നടപടി എടുക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രശ്‌നം തുടങ്ങിയിട്ട് അഞ്ച് ദിവസമായി. ഓണ്‍ലൈന്‍ മീറ്റിങ് കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ദേവസ്വം ബോര്‍ഡ് മന്ത്രി ടൂര്‍ പോയിരിക്കുകയാണെന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് അപകടകരമായ രീതിയില്‍ ആണ് ബസ് പോകുന്നത്. ശബരിമല പ്രശ്‌നത്തെ സര്‍ക്കാര്‍ ലഘൂകരിക്കുന്നു. ഭക്തര്‍ പമ്പയില്‍ എത്തി മാല ഊരി തിരിച്ചു പോവുന്നു. ഇത് സര്‍ക്കാരിന്റെ പരാജയമാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരുമിച്ച് ടൂര്‍ പോയിരിക്കുകയാണ്. ആളുകള്‍ പ്രയാസപ്പെടുകയാണ് ഇനി പ്രതീക്ഷ കോടതിയില്‍ മാത്രമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഗവര്‍ണറെ കരിങ്കൊടി കാണിച്ച വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കെ എസ് യുക്കാര്‍ കരിങ്കൊടി കാണിച്ചാല്‍ ഡിവൈഎഫ്‌ഐ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുമെന്നും എസ്എഫ്‌ഐ നടത്തിയാല്‍ അവര്‍ക്ക് കൈകൊടുക്കണമെന്നുമാണ് മന്ത്രിമാരുടെ നിലപാട് എന്നും വി ഡി സതീശന്‍ പരിഹസിച്ചു. സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും ആക്രമണ സാധ്യത ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടും എസ്എഫ്‌ഐക്ക് ഗവര്‍ണറുടെ വഴികള്‍ ചോര്‍ത്തി കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണരോട് പൂര്‍ണമായും യോജിപ്പില്ലെന്നും കരിങ്കൊടി വീശുന്നത് തെറ്റല്ലെന്നും എന്നാല്‍ കാറിന്റെ ചില്ലു പൊട്ടിക്കുമ്പോഴാണ് പ്രശ്‌നം. പിണറായി കേരള കമ്മ്യൂണിസ്റ്റിലെ അവസാന മുഖ്യമന്ത്രിയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Top