കാര്‍ഷിക നിയമത്തിന്റെ ഗുണങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു; യോഗി ആദിത്യനാഥ്

ലക്‌നൗ: കാര്‍ഷിക നിയമത്തിന്റെ ഗുണങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘കര്‍ഷകരുമായി എല്ലാ തലത്തിലുമുള്ള ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ ഭാഗത്തുണ്ടായ ചില വീഴ്ചകള്‍ കാരണം നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടുപോയി. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആദിത്യനാഥ് പറഞ്ഞു.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്. രാജ്യത്തോടും കര്‍ഷകരോടും ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് വീടുകളിലേക്ക് മടങ്ങാനും അഭ്യര്‍ത്ഥിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അത് മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

Top