ഈ താഴ്വര. . . ഫഹദ് ഫാസില്‍ ചിത്രം അതിരനിലെ വീഡിയോ ഗാനം പുറത്തുവിട്ടു

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തിയ പുതിയ ചിത്രം അതിരന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. ഈ താഴ്‌വര എന്ന ഗാനം ആലപിച്ചിരിക്കുന്നത് അമൃത ജയകുമാറും ഫിജോയും ചേര്‍ന്നാണ്. മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ സായി പല്ലവി ആണ് ഫഹദിന്റെ നായിക. ദുല്‍ഖര്‍ ചിത്രം കലിക്ക് ശേഷം സായി പല്ലവി നായികയാകുന്ന മലയാള ചിത്രം കൂടിയാണിത്. ഒരു റൊമാന്റിക് ത്രില്ലര്‍ ആയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ആണ്.

ഏറെ നിഗൂഢതകള്‍ നിറഞ്ഞ മാനസികാസ്വാസ്ഥ്യകേന്ദ്രവും അവിടെ സംഭവിക്കുന്ന ചില കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഫഹദ് ഡോക്ടര്‍ ആയാണ് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിന് ശേഷം ഫഹദ് ഡോക്ടര്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.

പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പി എസ്. ജയഹരിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. സെഞ്ചുറി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Top