‘പുഷ്‍പ 2’ ലെ ഭന്‍വര്‍ സിംഗ് ഷെഖാവതായി ഫഹദ്; പുതിയ ചിത്രം പുറത്ത്

സീക്വലിനായി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് സൃഷ്ടിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഒന്നാണ് പുഷ്പ. ആദ്യ ഭാഗത്തിന്റെ റിലീസ് മുതല്‍ പ്രേക്ഷകരില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണിത്. നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വലിയ ആസ്വാദകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഫഹദ് ഫാസിലും പങ്കെടുത്ത ഷെഡ്യൂള്‍ ആണിത്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിലെ ഗെറ്റപ്പില്‍ തന്നെയാണ് സീക്വലിലും ഫഹദ് എത്തുന്നത്.

ഓഡിയോ റൈറ്റ്സിലൂടെ നേടിയ തുകയില്‍ ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചത് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 65 കോടിയാണ് പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഓഡ‍ിയോ റൈറ്റ്സ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഓഡിയോ റൈറ്റ്സില്‍ ഒരു ചിത്രം ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണ് ഇത്. സമീപകാലത്തെ ശ്രദ്ധേയ ചിത്രങ്ങളായ ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ എന്നിവയേക്കാളൊക്കെ ഉയര്‍ന്ന തുകയാണ് ഇത്. ആര്‍ആര്‍ആറിന് 26 കോടിയും പൊന്നിയിന്‍ സെല്‍വന് 24 കോടിയുമാണ് ഈ ഇനത്തില്‍ ലഭിച്ചിരുന്നത്.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡിഎസ്പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പിആര്‍ഒ ആതിര ദില്‍ജിത്ത്.

Top