ഫഹദും നസ്രിയയും ഒന്നിച്ച്; ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഫഹദിന്റെ നായികയായി നസ്രയ എത്തുന്ന മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ട്രാന്‍സിന്റെ ട്രെയിലര്‍ എത്തി. ഒരു മോട്ടിവേഷനല്‍ സ്പീക്കറുടെ റോളിലാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടായിരുന്നു ചിത്രീകരണം. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.

രണ്ട് വര്‍ഷം നീണ്ട ചിത്രീകരണമാണ് സിനിമയ്ക്കായി ഉണ്ടായത്. ചിത്രത്തിനായി ഫഹദ് താടി നീട്ടി വളര്‍ത്തി. ട്രാന്‍സിനായി തന്റെ സമയം മുഴുവന്‍ നല്‍കുകയുണ്ടായി. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ (റെക്‌സ് വിജയന്റെ സഹോദരന്‍) സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി 20ന് തിയറ്ററുകളില്‍ എത്തും.

Top