ഫഹദ് ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

റ്റൊരു പുതിയ മലയാള ചിത്രം കൂടി ഒടിടി റിലീസിന്. ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം ഒടിടിയിലേക്ക് എത്തുന്നത്. ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. മെയ് 26 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ഫഹദിനൊപ്പം ഇന്നസെന്റും മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രവുമാണ് ഇത്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും ഞാൻ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഹദ് എത്തിയ ചിത്രം കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. സത്യൻ അന്തിക്കാടിന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാൾകൂടിയാണ് അഖില്‍ സത്യൻ. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമും അഖിൽ മുമ്പ് സംവിധാനം ചെയ്‍തിട്ടുണ്ട്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിർമ്മിച്ചത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത്ത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.

Top