ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫഹദ് ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’

സിനിമ കാണാന്‍ തിയറ്ററുകളിലേക്ക് ആളെത്തുന്നില്ലെന്ന ആശങ്ക ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് മാസങ്ങള്‍ ആയി. ഇതരഭാഷാ ചിത്രങ്ങള്‍ പലപ്പോഴും വലിയ കളക്ഷന്‍ കേരളത്തില്‍ നിന്ന് നേടുമ്പോള്‍ മലയാള ചിത്രങ്ങള്‍ കാണാന്‍ ആളില്ലെന്നാണ് പരാതി. എന്നാല്‍ അപൂര്‍വ്വം ചിത്രങ്ങള്‍ വലിയ വിജയങ്ങളും ആവാറുണ്ട്. ഈ വര്‍ഷം ഇതുവരെ എഴുപതിലേറെ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ രോമാഞ്ചം മാത്രമാണ് കാര്യമായ വിജയം നേടിയത്. എന്നാല്‍ വലിയ ഇടവേളയ്ക്കു ശേഷം ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുകയാണ്. ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നത്.

വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ 3.63 കോടിയാണ്. ഇതില്‍ രണ്ട് ദിനങ്ങളില്‍ ഒരു കോടിക്ക് മുകളില്‍ ഗ്രോസ് നേടി ചിത്രം. മലയാള സിനിമകളുടെ സമീപകാല ബോക്സ് ഓഫീസ് പ്രകടനം വച്ച് നോക്കുമ്പോള്‍ ചലച്ചിത്ര വ്യവസായത്തിന് ആശ്വാസദായകമായ സംഖ്യകളാണ് ഇത്.

ഇന്നസെന്റിന്റെ അവസാന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. മുകേഷ്, നന്ദു, ഇന്ദ്രൻസ്, അൽത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി മറ്റ് നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

Top