നസ്രിയയ്‌ക്കൊപ്പം ട്രാന്‍സ് സെറ്റില്‍ പിറന്നാളാഘോഷിച്ച് ഫഹദ്


ഭിനയ മികവു കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ പിറന്നാളാണിന്ന്. ട്രാന്‍സ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്ന താരത്തിന്റെ പിറന്നാളാഘോഷ വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഫഹദ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം ഫഹദും നസ്രിയയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. മാത്രമല്ല, ഏഴ് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമല്‍ നീരാദാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൗബിന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്, അല്‍ഫോന്‍സ് പുത്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ട്രാന്‍സില്‍ അണിനിരക്കുന്നുണ്ട്. വിന്‍സന്റ് വടക്കന്റേതാണ് തിരക്കഥ.

ചിത്രത്തില്‍ ശബ്ദ സംവിധാനം നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായാണ് ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സിന്റെ ചിത്രീകരണം. ട്രാന്‍സിന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top