ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് ഫഹദ് ഫാസിലിന് പരുക്ക്

കൊച്ചി: മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ഫഹദ് ഫാസില്‍ സെറ്റിന് മുകളില്‍ നിന്ന് വീണ് പരുക്ക്. വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് മലയന്‍കുഞ്ഞിലെ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. താഴേക്കു വീഴുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു.

മൂക്ക് പൊട്ടി ചോര വാര്‍ന്നതിനെത്തുടര്‍ന്ന് അടുത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് കൊണ്ടുപോയി. വിദഗ്ദ്ധ പരിശോധനയില്‍ ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടില്ല. മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു. ഫഹദ് ഫാസിലിനെ ഇപ്പോള്‍ ആശുപത്രയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് കൊണ്ട് പോയി.

ഫഹദ് ഫാസില്‍ നായകനാകുന്ന ‘മലയന്‍കുഞ്ഞില്‍’ സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നതും. നിരവധി സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന വി.പി സജിമോന്‍ ആണ് മലയന്‍ കുഞ്ഞിന്റെ സംവിധാനം. സംവിധായകന്‍ ഫാസില്‍ ആണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍ ചിത്രം ജോജി പൂര്‍ത്തിയാക്കിയാണ് ഫഹദ് ഫാസില്‍ മലയന്‍കുഞ്ഞില്‍ ജോയിന്‍ ചെയ്തത്

 

 

Top