ഒറ്റ സ്‌ക്രീനില്‍ ഫഹദും വിജയ് സേതുപതിയും; ‘വിക്രം’ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു

മല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന വിക്രം എന്ന ചിത്രത്തിനായി ആകാംക്ഷയിലാണ് ആരാധകര്‍. കൈതി, മാസ്റ്റര്‍ ചിത്രങ്ങളുടെ കപ്പിത്താന്‍ ലോകേഷ് കനകരാജാണ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രത്തിന്റെ പൂജ ചടങ്ങുകളും ലൊക്കേഷനിലേക്ക് ഫഹദ് ഫാസില്‍ എത്തിയതുമെല്ലാം വലിയ സ്വീകാര്യതയോടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഒടുവില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത് സിനിമയുടെ സെറ്റില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിച്ചുനില്‍ക്കുന്ന ചിത്രമാണ്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം സംവിധായകന്‍ ലോകേഷ് കനകരാജുമുണ്ട്. ലോകേഷ് തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഇതാദ്യമായല്ല ഫഹദും വിജയ് സേതുപതിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സൂപ്പര്‍ ഡീലക്സ് എന്ന തമിഴ് ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഒരു സ്‌ക്രീനില്‍ എത്തുന്നത് ഇതാദ്യമായാണ്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹകന്‍.

നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരും പ്രധാന താരങ്ങളാകുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതജ്ഞന്‍. ഫിലോമിന്‍ രാജ് എഡിറ്റിങ് നിര്‍വഹിക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ ആണ് വിക്രം നിര്‍മിക്കുന്നത്. 2022ല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

 

Top