ആദായ നികുതി നിയമത്തിലെ ‘ഫെയ്സ്‌ലെസ് അസസ്മെന്റ് സ്കീം’ നിയമക്കുരുക്കിലേക്ക്

കൊച്ചി: ആദായ നികുതി നിയമത്തിൽ വിപ്ലവകരമായ മാറ്റമെന്നു വിശേഷിപ്പിക്കപ്പെട്ട ‘ഫെയ്സ്‌ലെസ് അസസ്മെന്റ് സ്കീം’ നിയമക്കുരുക്കിലേക്ക്. തർക്കങ്ങളിൽ പ്രാദേശിക അസസ്മെന്റ് ഓഫിസറെ ഒഴിവാക്കി ഓൺലൈൻ പോർട്ടൽ വഴി നടപടിക്രമം പൂർത്തിയാക്കുന്ന രീതിയാണിത്. നികുതിദായകർക്കു വ്യക്തിഗത ഹിയറിങ്ങിനുള്ള അവസരം പരിമിതമാക്കിയുള്ള നടപടിക്രമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഒരുകൂട്ടം ഹർജികൾ ഹൈക്കോടതിയിലെത്തി. ഡൽഹി, ബോംബെ, മദ്രാസ് aഹൈക്കോടതികളിലും ഇതു സംബന്ധിച്ചു തർക്കങ്ങൾ നിലവിലുണ്ട്.

നേരത്തേ ‘സ്ക്രൂട്ടിനി അസസ്മെന്റി’ൽ അസസ്മെന്റ് ഓഫിസർ പരിശോധിച്ചും വാദം കേട്ടുമാണു തീരുമാനം എടുത്തിരുന്നത്. ഇപ്പോൾ ഫെയ്സ്‌ലെസ് അസസ്മെന്റിൽ വെബ്പോർട്ടൽ വഴി ആദായ നികുതി നിയമത്തിന്റെ 144 ബി വകുപ്പിൽ പറയുന്ന നടപടികളാണുള്ളത്. ലോക്കൽ അസസ്മെന്റ് ഓഫിസർക്ക് ഇതിൽ പങ്കില്ല. വ്യക്തിഗത ഹിയറിങ് ആവശ്യപ്പെടാൻ വ്യവസ്ഥയുണ്ടെങ്കിലും ഇത് അനുവദിക്കണോ എന്ന് ഉന്നതാധികാരികളാണു തീരുമാനിക്കുന്നത്. പലപ്പോഴും ഹിയറിങ് അനുവദിക്കാത്തതും സാങ്കേതിക പ്രശ്നങ്ങളും പ്രതികൂല തീരുമാനത്തിനും വൻ സാമ്പത്തിക ബാധ്യതയ്ക്കും വഴിവയ്ക്കുന്നു എന്നതാണു ഹർജികളിലെ പ്രധാന ആക്ഷേപം.

2019ൽ കൊണ്ടുവന്ന ഇ– അസസ്മെന്റ് സ്കീം 2020ൽ ഫെയ്സ്‌ലെസ് അസസ്മെന്റ് സ്കീം എന്നു പുനർനാമകരണം ചെയ്തിരുന്നു. നിയമത്തിൽ 144 ബി വകുപ്പ് ഉൾപ്പെടുത്തി 2021 ഏപ്രിൽ 1 മുതലാണു സ്കീം പ്രാബല്യത്തിലാക്കിയത്. ഹിയറിങ് നിർബന്ധമല്ലാത്തതു സ്വാഭാവിക നീതിയുടെ ലംഘനമായതിനാൽ നിയമ ഭേദഗതിക്കും സ്കീമിനും ഭരണഘടനാ സാധുതയില്ലെന്നാണു വാദം. നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന നോഡൽ ഏജൻസിയായ നാഷനൽ ഫെയ്സ്‌ലെസ് അസസ്മെന്റ് സെന്ററിന്റെ രൂപീകരണം നിയമപ്രകാരം നിർവചിച്ചിട്ടില്ലെന്നും ഹർജിക്കാർ തർക്കം ഉന്നയിക്കുന്നു.

2021 സെപ്റ്റംബർ 27ലെ അസസ്മെന്റ് ഉത്തരവു ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി മുഹമ്മദ് ബാബു പരമ്പൂർ നൽകിയത് ഉൾപ്പെടെ ഹർജികൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഫയലിൽ സ്വീകരിച്ചു. കേന്ദ്രസർക്കാരിനും ആദായ നികുതി വകുപ്പിനും നോട്ടിസ് നൽകി. മുഹമ്മദ് ബാബുവിനു സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഓൺലൈൻ പോർട്ടലിൽ നൽകിയ നോട്ടിസ് ആദ്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും യാദൃച്ഛികമായി കണ്ടു മറുപടി നൽകിയപ്പോൾ ചില ചോദ്യങ്ങൾ ഉന്നയിച്ചു വീണ്ടും നോട്ടിസ് നൽകിയെന്നും ഹർജിക്കാരൻ പറയുന്നു.

വെബ്സൈറ്റിൽ തടസ്സങ്ങളുണ്ടായി. പോർട്ടലിൽ മറുപടിക്ക് ഓപ്ഷൻ കണ്ടില്ല. വ്യക്തിഗത ഹിയറിങ്ങിന് അവസരം തേടിയത് അനുവദിച്ചില്ല. മറുപടികൾ യഥാസമയം നൽകിയില്ലെന്നു കാണിച്ച് ഷോ കോസ് നോട്ടിസും കരട് അസസ്മെന്റ് ഉത്തരവും നൽകി. മറുപടി നൽകിയെങ്കിലും ‘സീക്ക് വിഡിയോ കോൺഫറൻസ്’ ബട്ടൺ പ്രവർത്തിച്ചില്ല. മറുപടികൾ ഒന്നും പരിശോധിക്കാതെ അന്തിമ അസസ്മെന്റ് ഉത്തരവു നൽകിയെന്നും യാന്ത്രികമായ നടപടികളിലൂടെ, വൻ ബാധ്യത അടിച്ചേൽപിച്ചു എന്നുമാണു പരാതി.

Top