കേരളത്തിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ വിവേചനം നേരിടേണ്ടി വന്നു; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു: കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ സഖ്യം രൂക്ഷമായ വിമര്‍ശനം നേരിടുന്നതിനിടെയാണ്, കര്‍ണാടക മുഖ്യമന്ത്രി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് വിവേചനം നേരിടേണ്ടി വന്നതായി സിദ്ധരാമയ്യ പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താവായ നാരായണ ഗുരുവിന്റെ 169-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്. ഇതിനിടെയാണ് വിവാദ പ്രസ്താവന.

ഞാന്‍ ഒരിക്കല്‍ കേരളത്തിലെ ഒരു ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ അവര്‍ എന്നോട് ഷര്‍ട്ട് അഴിച്ച് അകത്ത് കടക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ അതിന് തയ്യാറായില്ല, പകരം പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എല്ലാവരോടും ഷര്‍ട്ട് അഴിക്കാന്‍ അവര്‍ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രം. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്. ദൈവത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ് എന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം സിദ്ധരാമയ്യയുടെ ഈ പ്രസ്താവനക്കെതിരെ ഇപ്പോള്‍ വലിയ വിവാദമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യയിലെ ചില ക്ഷേത്രങ്ങളിലും നിലനില്‍ക്കുന്ന രീതിയാണ് അതെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും രംഗത്തെത്തി.

Top