ബലാത്സംഗം ചെയ്ത ആളുമായി സഹോദരിയുടെ കല്ല്യാണം: ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിക്കെതിരെ കുറിപ്പ്

1996ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. അഞ്ച് സഹോദരിമാരുള്ള മാധവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

ചിത്രത്തില്‍ സോമന്‍ അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സഹോദരിമാരിലൊരാളെ പീഡിപ്പിക്കുന്ന രംഗമുണ്ട്. ഈ രംഗത്തെയും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും വിമര്‍ശിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സിനിമാസ്വാദകരുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ മാളവിക രാധാകൃഷ്ണന്‍ എന്ന യുവതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇതേ ഗ്രൂപ്പില്‍ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ അടിയില്‍ കണ്ട കമന്റുകളുടെ അടിസ്ഥാനത്തിലാണ് മാളവികയുടെ പോസ്റ്റ്.

മാളവികയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം. . .

ഒരിടത്തൊരു പെണ്‍കുട്ടി ട്യൂഷന്‍ പഠിക്കാന്‍ പോവുന്നു. ലാല്‍ കൃഷ്ണ വിരാടിയാരുടെ ഭാഷയില്‍ പറഞ്ഞാല്‍, കണ്ണില്‍ നോക്കി പഠിപ്പിക്കേണ്ട അധ്യാപകന്‍ നെഞ്ചില്‍ നോക്കി പഠിപ്പിക്കുന്നു. ആരുമില്ലാത്ത നേരം നോക്കി അവളെ കയറി പിടിക്കുന്നു. എന്നിട്ട് ചോദിക്കാന്‍ വരുന്ന അവളുടെ ചേട്ടനോട് പറയുവാ, ‘അവളൊന്ന് ഒച്ചവെച്ചിരുന്നേല്‍ ഞാന്‍ ഉണര്‍ന്നേനെ എന്ന് ‘!

ജനനം മുതല്‍ വിവാഹം വരെ, sex എന്നോ എന്തിന്, പ്രേമം എന്നുപോലും കേള്‍പ്പിക്കാതെ, അറിയിക്കാതെ, ചിന്തിപ്പിക്കാതെ ഈ സമൂഹം വളര്‍ത്തുന്ന ഒരു പെണ്‍കുട്ടിക്ക് ആദ്യമായി ഒരു പുരുഷന്‍ തൊടുമ്പോള്‍ എന്താണ് തോന്നുക എന്നറിയാമോ? പകപ്പാവുണ്ടാവാം, അമ്പരപ്പുണ്ടാവാം, കൗതുകം വരെയുണ്ടാവാം. എന്നാല്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുക അതിഭീകരമായ ഭയമാണ്. ചോര കട്ടപിടിക്കുന്ന, അസ്ഥികള്‍ മരവിക്കുന്ന തണുപ്പ്. ആ അവളാണ്, ഒന്ന് ഒച്ചവെച്ചിരുന്നെങ്കില്‍ എന്നയാള്‍ പറയുന്നത്. അവളൊരു ഊമ ആയിരുന്നെങ്കിലോ? മെന്റലി റീടാര്‍ഡെഡ് ആയിരുന്നെങ്കിലോ? എങ്കില്‍ ആ അധ്യാപകന്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് നമ്മള്‍ പറഞ്ഞേനെ അല്ലെ? അതാണ്, ഈ സമൂഹത്തില്‍ റേപ്പ് ചെയ്യപെട്ടാലും എന്ത് അഭ്യൂസിനിരയായാലും അവളപ്പോ തന്നെ പ്രതികരിക്കണം. അല്ലെങ്കില്‍ അവള്‍ അര്‍ഹിക്കുന്ന എമ്പതി നമുക്കൊക്കെ തോന്നണമെങ്കില്‍ സ്വന്തമായൊരു ബോധം അവള്‍ക്കുണ്ടാവരുത്. അല്ലാത്തപക്ഷം ബാക്കിയുള്ളതെല്ലാം അവളുടെ കൂടെ സമ്മതപ്രകാരം നടന്നതാണ്. അതുകൊണ്ടാണല്ലോ #metoo ആരോപണങ്ങളോട് നമുക്കിത്ര അസഹിഷ്ണുത.

ഇതേ ഗ്രൂപ്പില്‍വന്ന സമാനമായൊരു പോസ്റ്റിന്റെ അടിയില്‍ വന്ന കമെന്റുകള്‍ക്കുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്. മാന്സ്പ്ലയിനിങ്ങിന്റെ അതിതീവ്രമായ അവസ്ഥയാണ് കമെന്റുകള്‍ മുഴുവന്‍. നിങ്ങള്‍ക്ക് അറിയാത്ത, empathise ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളില്‍ ഇത്ര ക്രൂരമായ അഭിപ്രായങ്ങള്‍ പറയാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത് എന്താണ്? അല്ലെങ്കില്‍ ആരാണ്? ‘റേപ്പ് നടന്നില്ലാലോ ‘, ‘അവള്‍ക്കും സമ്മതം ആയിരുന്നില്ലേ ‘ എന്നൊക്കെ ചിന്തിക്കുന്നതിന്മുന്‍പ് അയാള്‍ കാണിച്ചത് എത്ര വെല്ല്യ തെമ്മാടിത്തരമാണ് എന്ന് നീയൊന്നും ആലോചിക്കാത്തതെന്താണ്?

അനിയത്തിയെ അങ്ങേര്‍ക്കുതന്നെ കെട്ടിച്ചുകൊടുത്ത ഹിറ്റ്ലര്‍ മാധവന്‍ കുട്ടി, അങ്ങേയ്ക്കൊരു നീണ്ട നടുവിരല്‍ നമസ്‌കാരം.

Top