ട്രംപിന്റെ പോസ്റ്റുകള്‍ക്കെതിരെ ഫെയ്‌സ്ബുക്കിന്റെ നയം; വെര്‍ച്വല്‍ വാക്ക് ഔട്ട് നടത്തി ജീവനക്കാര്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമീപകാല പോസ്റ്റുകള്‍ സംബന്ധിച്ച ഫെയ്‌സ്ബുക്കിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് ജീവനക്കാന്‍ രംഗത്ത്. നൂറുകണക്കിന് ഫെയ്‌സ്ബുക്ക് ജീവനക്കാരാണ് തിങ്കളാഴ്ച ‘വെര്‍ച്വല്‍ വാക്ക് ഔട്ട്’ നടത്തിയത്. ഫെയ്‌സ്ബുക്കില്‍ നിന്ന് വിട്ടു നിന്ന ജീവനക്കാര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയാണ് ചെയ്തത്. ട്രംപിന്റെ വംശീയവിരുദ്ധ നിലപാടുകള്‍ തടസമില്ലാതെ പ്രസിദ്ധീകരിക്കാന്‍ ഫെയ്‌സ്ബുക്ക് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ജോലികളില്‍ നിന്ന് പ്രതീകാത്മകമായി വിട്ടുനിന്നത്.

നടപടിയെടുക്കൂ എന്ന ഹാഷ് ടാഗിലായിരുന്നു പ്രതിഷേധം. ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രക്ഷോഭത്തെ വളരെ ഹീനവും പ്രകോപനപരവുമായ ഭാഷയിലാണ് ട്രംപ് നേരിട്ടത്. ഈ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ട്രംപ് നടത്തിയിരുന്നത്. പക്ഷേ, ഫെയ്‌സ്ബുക്ക് ഒഴികെയുള്ള മാധ്യമങ്ങള്‍ ചില നിയന്ത്രണങ്ങള്‍ നടത്തുകയുണ്ടായി. ട്വിറ്റര്‍, അപകടകരമായ സന്ദേശം എന്ന് ടാഗ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാത്രം അതിനെതിരെ അധികമൊന്നും പ്രതികരിച്ചിരുന്നില്ല. നേരത്തെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിന് ഫെയ്‌സ്ബുക്ക് സ്ഥാപകനും മേധാവിയുമായ സുക്കര്‍ബര്‍ഗിന് നേരെ രൂക്ഷ പരിഹാസം ഉയര്‍ന്നിരുന്നു.

Top