ഫേസ്ബുക്കിനും ട്വിറ്ററിനും സമന്‍സ്; സ്വകാര്യനയം, സുരക്ഷിതത്വം എന്നിവ വിശദീകരിക്കണം

ന്യൂഡല്‍ഹി: ഫേസ്ബുക്കിനും ട്വിറ്ററിനും സമന്‍സ് അയച്ച് ഐ.ടി പാര്‍ലമെന്ററി കമ്മിറ്റി. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ടാണ് സമന്‍സ്. സ്വകാര്യ നയം, സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രതിനിധികളോട് വിശദീകരണം തേടും.

ശശി തരൂര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളോട് ജനുവരി 21ന് ഹാജരാകാനാണ് നിര്‍ദേശം. ‘പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെയും സോഷ്യല്‍മീഡിയയുടെയും ദുരുപയോഗം തടയുന്നതിനുമായുള്ള കാഴ്ചപ്പാടുകള്‍ ഫേസ്ബുക്ക്- ട്വിറ്റര്‍ പ്രതിനിധികളില്‍ നിന്ന് അറിയാന്‍ വേണ്ടിയാണ് ഇവരെ വിളിക്കുന്നത്. ഡിജിറ്റല്‍ ഇടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെപ്പറ്റിയും ഇവരോട് ചോദിക്കും,’ നോട്ടീസില്‍ പറയുന്നു.

ജനുവരി 21ന് ഫേസ്ബുക്കും ട്വിറ്ററും നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. വാട്ട്സ് ആപ്പിന്റെ സ്വകാര്യ നയത്തില്‍ അടുത്തിടെ കൊണ്ടു വന്ന മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് പാര്‍ലമെന്ററി കമ്മിറ്റി ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വിളിച്ച് വരുത്തിയിരിക്കുന്നത്.

Top