മുഖം തിരിച്ചറിയൽ സിസ്റ്റം പൂട്ടി ഫേസ്‌ബുക്ക്; 100 കോടി ഉപയോക്താക്കളുടെ ഡാറ്റ ഡിലീറ്റ് ചെയ്യും

നൂറ് കോടിയിലേറെ ഉപയോക്താക്കളില്‍നിന്നു ശേഖരിച്ച മുഖം തിരിച്ചറിയല്‍ ഡേറ്റ ഡിലീറ്റു ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ഫെയ്‌സ്ബുക് അറിയിച്ചു. ഇതോടൊപ്പം തന്നെ കമ്പനിയുടെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം പൂട്ടാനും തീരുമാനിച്ചതായി ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റായുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോമെ പെസന്റി വ്യക്മാക്കി. ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണിതെന്നും ജറോമെ പറഞ്ഞു.

ഉപയോക്താക്കളില്‍ മൂന്നിലൊന്നിലേറെ പേരും ഫേഷ്യല്‍ ഡേറ്റ സ്വമേധയാ നല്‍കിയിരുന്നു. അവരെ കമ്പനിക്ക് തിരിച്ചറിയാനും സാധിച്ചിരുന്നു. ഡേറ്റ നീക്കംചെയ്യുമ്പോള്‍ മുഖം തിരിച്ചറിയാനായി 100 കോടിയിലേറെ പേര്‍ക്കായി സൃഷ്ടിച്ച ടെംപ്ലേറ്റുകളും നീക്കുമെന്ന് കമ്പനി അറിയിച്ചു. മിക്ക രാജ്യങ്ങളും ഫെയ്സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ വ്യക്തികളെക്കുറിച്ചു ശേഖരിച്ചു കൂട്ടിയിരിക്കുന്ന ഡേറ്റയ്ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് ഗൗരവമായി ആലോചിച്ചു വരുന്ന സമയമാണിത്. അതേസമയം, മെറ്റാ എന്ന പുതിയ കമ്പനി സ്ഥാപിച്ചതിനു പിന്നില്‍ ഇതുവരെ പുറത്തറിയാത്ത ലക്ഷ്യങ്ങളുണ്ടാകാമെന്നും വിലയിരുത്തലുണ്ട്.

പുതിയ പദ്ധതിയായ മെറ്റാവേഴ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനി മുന്‍കൂട്ടികണ്ട എന്തെങ്കിലും പ്രശ്നങ്ങളാകാം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഡേറ്റ നീക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും പറയുന്നു. ഫ്രാന്‍സിസ് ഹൗഗന്‍ ഫെയ്സ്ബുക്കിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ലോകമെമ്പാടും കമ്പനിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. മിക്ക സേവനങ്ങളും വ്യക്തികള്‍ക്ക് ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് കമ്പനിക്ക് വ്യക്തമായി അറിവുണ്ടെങ്കിലും ലാഭമുണ്ടാക്കല്‍ എന്ന ഒറ്റ ലക്ഷ്യത്തിനായി നീങ്ങുകയാണ് ഫെയ്സ്ബുക് എന്ന ആരോപണമാണ് അവര്‍ ഉയര്‍ത്തിയത്.

ഏകദേശം പത്ത് വര്‍ഷം മുന്‍പാണ് ഫെയ്സ്ബുക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം തുടങ്ങിയത്. ഇത് ഒരു ഫെയസ്ബുക് ഉപയോക്താവിന്റെ സുഹൃത്തിന്റെ മുഖം പോലും തിരിച്ചറിയാനുള്ള കഴിവ് ആര്‍ജിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇലിനോയിസ് കോടതിയില്‍ കമ്പനിക്കെതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍, 2019ല്‍ ഈ പ്രത്യേക ശേഷി ഉപേക്ഷിക്കുകയായിരുന്നു. ചില അമേരിക്കന്‍ നഗരങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഡേറ്റാ ഉപയോഗം നിരോധിച്ചിരുന്നു എന്നതും ഫെയ്സ്ബുക്കിന്റെ പുതിയ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. സാന്‍ഫ്രാന്‍സിസ്‌കോ ആണ് ഈ സാങ്കേതികവിദ്യ നിയമവിരുദ്ധമാണെന്ന് ആദ്യമായി പ്രഖ്യാപിച്ച അമേരിക്കന്‍ നഗരം. ഇത് 2019ല്‍ ആയിരുന്നു. സ്വകാര്യതയ്ക്കായി വാദിക്കുന്നവര്‍ ഈ സാങ്കേതികവിദ്യയ്ക്കെതിരെ അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു.

ഫെയ്സ്ബുക്കിന് ഫോട്ടോ, വിഡിയോകളില്‍ നിന്ന് വ്യക്തികളുടെ മുഖം ഓട്ടമാറ്റിക്കായി തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്നു. മുഖംതിരിച്ചറിയല്‍ വിദ്യയെക്കുറിച്ച് അധികാരികള്‍ വ്യക്തമായ നയമൊന്നും പ്രഖ്യാപിച്ചിരുന്നില്ല, അതേക്കുറിച്ചുള്ള അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും തങ്ങള്‍ അത് ഉപയോഗിക്കുന്നത് ചുരുക്കം ചില കാര്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുകയാണ് എന്നാണ് ജെറോമെ പറഞ്ഞത്. ഇനിമുതല്‍ അക്കൗണ്ട് ലോക്ക് ആയി പോയവര്‍ക്ക് അതു തിരിച്ചു ലഭിക്കാനും, ലോക്ക് ആയി പോയ ഒരു ഉപകരണം മുഖം തിരിച്ചറിയല്‍ ഉപയോഗിച്ച് തുറക്കാനുമായിരിക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നും കമ്പനി പറയുന്നു.

ഈ സാങ്കേതികവിദ്യ എല്ലാവരുടെയും സ്വകാര്യതയ്ക്ക് ഭീഷണിയാകുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് എതിരെ അത് ഉപയോഗിക്കപ്പെടാമെന്നും സാമൂഹിക സമത്വത്തിനായി നിലകൊള്ളുന്നവര്‍ ശക്തിയുക്തം വാദിച്ചിരുന്നു. റീട്ടെയില്‍ വില്‍പനക്കാര്‍ മുതല്‍ ആശുപത്രികള്‍, മറ്റു ബിസിനസ് സ്ഥാപനങ്ങള്‍ വരെ ഇത് ദുരുപയോഗം ചെയ്യാവുന്ന കാലമാണ് വരുന്നതെന്ന് അവര്‍ വാദിച്ചിരുന്നു. തങ്ങളുടെ കൈവശമുള്ള ഡേറ്റാ ആഗോള തലത്തില്‍ തന്നെ നീക്കം ചെയ്യുമെന്നും അത് ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും ജെറോമെ പറഞ്ഞു.

 

Top