എസ്‌എഫ്‌ഐക്കാരുടെ മ‍ര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ശരത്തിനെതിരെ ഫേസ്ബുക്കിലൂടെ ഭീഷണി

തിരുവനന്തപുരം: പാളയത്ത് നടുറോഡില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ശരത്തിന് ഭീഷണി. അക്രമിസംഘത്തിലുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റ് നസീമിനനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഫെയ്‌സ് ബുക്കിലൂടെയുളള എസ്എഫ്ഐക്കാരുടെ ഭീഷണി.

അതേസമയം എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ച പൊലീസുകാരന്‍ ശരത്ത് ഇപ്പോഴും ചികിത്സയിലാണ്. അന്വേഷണത്തില്‍ പൊലീസിനുണ്ടായ വീഴ്ചകള്‍കള്‍ ശരത്ത് പരസ്യമാക്കുകയും ചെയ്തിരുന്നു. മുഖ്യപ്രതിയായ എസ്എഫ്ഐ നേതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴിയുള്ള വധ ഭീഷണി.

കേസിലെ പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നാല് എസ്എഫ്ഐക്കാര്‍ കീഴടങ്ങിയിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള പൊലീസുകാന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇതിനിടെ പിന്തുണമായി നിന്ന പൊലീസ് അസോസിയേഷനും പിന്‍മാറി. അക്രമികളായ എസ്എഫഐക്കാരെ സ്ഥലത്തുവച്ച കണ്ടിട്ടും അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെയും നടുപടിയൊന്നുമുണ്ടായിട്ടില്ല.

Top