ഫേസ്ബുക്ക് ജനാധിപത്യത്തിന് വെല്ലുവിളിയാകും : രഹസ്യാന്വേഷണവിഭാഗം

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫേസ്ബുക്ക് ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാകുമെന്ന് ബ്രിട്ടന്‍ രഹസ്യാന്വേഷണവിഭാഗം മുന്‍ മേധാവി റോബര്‍ട്ട് ഹന്നഗന്‍. ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാകും -അദ്ദേഹം ബിബിസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആശയവിനിമയത്തിന് മാത്രമുള്ള വെബ്‌സൈറ്റ് മാത്രമല്ല. ലോകത്തെ ഏറ്റവും വലിയ പരസ്യപലകയാണ്. ശതകോടികളാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വഴി അവര്‍ക്ക് ലഭിക്കുന്നത്. നിങ്ങളുടെ വ്യക്തിപരമായ വിവരം ശേഖരിച്ച് അതിനെ വിറ്റ് കാശാക്കുകയാണ് അവര്‍ ചെയ്യുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനേക്കാള്‍ വിവരങ്ങള്‍ ലാഭകരമായി ഉപയോഗിക്കാനാണ് ഫേസ്ബുക്കിന് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഫേസ്ബുക്ക് കൈമാറുന്നുവെന്ന ആരോപണം വിവാദമായിരുന്നു. ഇന്ത്യയില്‍ സംഘപരിവാറിന് ഫേസ്ബുക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്ന് ഫേസ്ബുക്ക് കുറ്റസമ്മതം നടത്തിയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നല്‍കിയ ഫോണ്‍ നമ്പറുകളാണ് പരസ്യം നല്‍കുന്നതിന് ഉപയോഗപ്പെടുത്തിയത്.

ഉപയോക്താവിന്റെ താത്പര്യങ്ങള്‍ മനസിലാക്കാന്‍ ഫോണ്‍ നമ്പറുകള്‍ സഹായിച്ചിട്ടുണ്ടെന്നും ഇതിനനുസരിച്ചുള്ള പരസ്യമാണ് നല്‍കി വന്നതെന്നും ഫേസ്ബുക്ക് വക്താവ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഉപഭോക്താക്കള്‍ സ്വന്തം അക്കൗണ്ടുകളില്‍ ചേര്‍ക്കുന്ന വിവരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് തികഞ്ഞ ബോധ്യം കമ്പനിക്കുണ്ടെന്നും അപ്ലോഡ് ചെയ്ത വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്നുമാണ് ഫേസ്ബുക്ക് വക്താവ് പറഞ്ഞത്.

Top