ഫെയ്‌സ് ബുക്ക് സെല്‍ഫി ചതിച്ചു; കൂട്ടുകാരിയെ കൊലപ്പെടുത്തിയ യുവതിക്ക് 7 വര്‍ഷം തടവ്

selfi

കാനഡ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുകാരിക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ. ചതിച്ചതോ ഒരു സെല്‍ഫിയും. . കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിലെ വിധി. 2015 മാര്‍ച്ച് 18 നായിരുന്നു ബ്രിട്ട്‌നി ഗാര്‍ഗോള്‍ എന്ന പെണ്‍കുട്ടിയെ തെരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ സാസ്‌ക്കോട്ടനിലെ പുല്‍മേടിനുടുത്തു നിന്നായിരുന്നു ഗാര്‍ഗൊളിന്റെ ശരീരം കണ്ടെടുത്തത്. ഒപ്പം മൃതദേഹത്തിനടുത്തു നിന്ന് ഒരു ബെല്‍റ്റും കണ്ടെടുത്തിരുന്നു. എന്നാല്‍ ബെല്‍റ്റ് ആരുടേതാണെന്നതിനെ കുറിച്ച് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

അതേസമയം, സുഹൃത്തായ ചെന്നീ റോസ് ആന്റോണിയോ പോസ്റ്റ് ചെയ്ത സെല്‍ഫി ചിത്രങ്ങളും, സൗഹൃദ മെസേജുകളുമാണ് കുറ്റവാളിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ചിത്രത്തില്‍ റോസ് ധരിച്ചിരുന്ന ബെല്‍റ്റായിരുന്നു പൊലീസിന് കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ലഭിച്ചത്.

അതേതുടര്‍ന്ന് പൊലീസ് റോസിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഗാര്‍ഗോളിന്റെ കൊലപാതക കുറ്റം ഏറ്റെടുക്കാന്‍ തായാറായെങ്കിലും ഗാര്‍ഗോളിനെ കൊലപ്പെടുത്തിയതിനെ കുറിച്ചോ, തലേ ദിവസം രാത്രി നടന്ന സംഭവത്തെ കുറിച്ചോ വ്യക്തമായ ഒരു ഓര്‍മ്മയും റോസിന് ഇല്ല. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ലഹരിയില്‍ വാക്കേറ്റത്തിനിടയില്‍ സംഭവിച്ചു പോയതാണെന്ന് റോസ് പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.

ഗാര്‍ഗോള്‍ സ്ഥിരമായി പലരൊടൊപ്പം പോയി മദ്യപിക്കാറുണ്ടെന്നും, അന്ന് ഒരു അപരിചതയുടെ കൂടെയാണ് മദ്യപിക്കാന്‍ പോയതെന്നുമാണ് ബന്ധുക്കള്‍ ആദ്യം വെളിപ്പെടുത്തിയത്. അത് കേസിനെ കുറച്ച് വഴിതെറ്റിച്ചിരുന്നു. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും, മദ്യപിക്കുന്നതിന്റേയും, രാത്രി ആഘോഷത്തിന്റേയും സെല്‍ഫി ചിത്രങ്ങള്‍ റോസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഗോളിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിക്കുന്നതിനിടെയാണ് സെല്‍ഫി ചിത്രങ്ങളും, റോസിന്റെ മെസേജുകളും പൊലീസിന്റെ കണ്ണില്‍പ്പെട്ടത്. എവിടെയാണ് നീ, ഒരു വിവരവുമില്ലാലോ,വീട്ടില്‍ സുഖമായെത്തിയോ എന്ന അടി കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് റോസിനെ ചതിച്ചതും, പൊലീസിന് കേസില്‍ വഴിത്തിരിവായതും.

അതേസമയം, റോസ് വര്‍ഷങ്ങളോളം പീഡനത്തിനിരയായ പെണ്‍കുട്ടിയാണെന്നും, മാനസീകസംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മയക്കുമരുന്നിനും മധ്യത്തിനും അടിമയായതാണെന്നും റോസിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. അവള്‍ സ്വബോധത്തോടെയെല്ല ഗാര്‍ഗോളിനെ കൊലപ്പെടുത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ കേസില്‍ വിധി റോസിനെ എതിരായിരുന്നു. ഏഴു വര്‍ഷത്തെ തടവു ശിക്ഷയാണ് കനേഡിയന്‍ കോടതി റോസിന് വിധിച്ചത്.

Top