ഒരു മാസത്തിനിടെ മൂന്ന് കോടി പോസ്റ്റുകള്‍ നീക്കംചെയ്തതായി ഫേസ്ബുക്

ന്യൂഡല്‍ഹി: കേന്ദ്രം കൊണ്ടു വന്ന പുതിയ ഐടി നിയമ പ്രകാരം ഒരു മാസത്തിനിടെ മൂന്ന് കോടി പോസ്റ്റുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. മേയ് 15നും ജൂണ്‍ 15നും ഇടയില്‍ മൂന്ന് കോടി പോസ്റ്റുകള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ഫേസ്ബുക് വ്യക്തമാക്കി. പുതിയ ഐ.ടി നിയമത്തിന്റെ ഭാഗമായി മാസംതോറും സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിലാണ് നിയമാവലികള്‍ ലംഘിച്ച ഉള്ളടക്കങ്ങള്‍ നീക്കിയതായി ഫേസ്ബുക് വ്യക്തമാക്കിയത്. ആദ്യ റിപ്പോര്‍ട്ടാണ് ഫേസ്ബുക് സമര്‍പ്പിച്ചത്.

നിയമാവലികളുടെ ലംഘനം കണ്ടതിനെ തുടര്‍ന്ന് പത്ത് വിഭാഗങ്ങളിലായാണ് പോസ്റ്റുകള്‍ നീക്കിയത്. ഫേസ്ബുക്ക് നടപടിയെടുത്തവയില്‍ 2.5 കോടിയും സ്പാം കണ്ടന്റുകളാണ്. വയലന്‍സ് കണ്ടന്റ് 25 ലക്ഷം, അശ്ലീല ദൃശ്യങ്ങള്‍ 18 ലക്ഷം, വിദ്വേഷ പ്രസംഗം 3.11 ലക്ഷം എന്നിങ്ങനെയാണ് പോസ്റ്റുകള്‍ നീക്കിയത്. ഫേസ്ബുക് അടുത്ത റിപ്പോര്‍ട്ട് ജൂലൈ 15ന് സമര്‍പ്പിക്കും. ഫേസ്ബുക് സഹോദര സ്ഥാപനമായ വാട്‌സാപ്പിന്റെ റിപ്പോര്‍ട്ടും ഇതിനൊപ്പമുണ്ടാകും.

പുതിയ ഐ.ടി നിയമപ്രകാരം 50 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള സമൂഹമാധ്യമ സ്ഥാപനങ്ങള്‍ മാസം തോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. പരാതികളില്‍ എന്ത് നടപടിയെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

Top