ഡാര്‍ക്ക് മോഡ് ഉള്‍പ്പടെ പുതിയ ഫീച്ചറുകളുമായി ഫെയ്സ്ബുക്കിന്റെ പരിഷ്‌കരിച്ച ഡെസ്‌ക്ടോപ്പ് പതിപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിന്റെ പരിഷ്‌കരിച്ച ഡെസ്‌ക്ടോപ്പ് പതിപ്പ് പുറത്തിറക്കി. ഡാര്‍ക്ക് മോഡ് ഉള്‍പ്പടെയുള്ള പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ലളിതവും ആകര്‍ഷകവുമായ രൂപകല്പനയാണ് പുതിയ ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിന്. ഡാര്‍ക്ക് മോഡില്‍ സ്‌ക്രീനില്‍ നിന്നുള്ള പ്രകാശം പരമാവധി കുയുന്നതിലൂടെ ഉപയോക്താക്കളുടെ കണ്ണുകള്‍ക്ക് ആശ്വാസം നല്‍കുന്നു.

ഡാര്‍ക്ക് മോഡിനൊപ്പം അവതരിപ്പിച്ച ആകര്‍ഷകമായ ലേ ഔട്ടിലൂടെ വാച്ച് വീഡിയോകള്‍ കാണുന്ന അനുഭവവും മികച്ചതാവുമെന്ന് ഫെയ്‌സ്ബുക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ ആപ്പിലും വാട്‌സാപ്പിലും ഇപ്പോള്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ്.

ഡെസ്‌ക്ടോപ്പ് വെബ്‌സൈറ്റ് നാവിഗേഷന്‍ ഏറെ ലളിതമാക്കിയിട്ടുണ്ട്. വീഡിയോകള്‍, ഗെയിമുകള്‍, ഗ്രൂപ്പുകള്‍ എന്നിവ എളുപ്പം കണ്ടെത്താം. ഹോം പേജും പേജ് ട്രാന്‍സിഷനുകളും എളുപ്പം ലോഡ് ആവുന്നുണ്ട്. ഇവന്റുകള്‍, പേജുകള്‍, ഗ്രൂപ്പുകള്‍, പരസ്യങ്ങള്‍ എന്നിവ ഫെയ്‌സ്ബുക്കില്‍ വളരെ എളുപ്പം നിര്‍മിക്കാനാവും. പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ അത് മൊബൈലില്‍ കാണാന്‍ എങ്ങനെ ഉണ്ടാകും എന്നറിയാന്‍ പ്രിവ്യൂ നോക്കാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷം നടന്ന എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് കമ്പനി പുതിയ ഫെയ്‌സ്ബുക്ക്. കോം പ്രഖ്യാപിച്ചത്. അപ്‌ഡേറ്റ് ലഭ്യമായിക്കഴിഞ്ഞാല്‍ ഫെയ്‌സ്ബുക്ക് ഹോം പേജിന് വലത് ഭാഗത്ത് മുകളിലുള്ള ഡൗണ്‍ ആരോ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ‘സെറ്റിങ്‌സ്’ ഓപ്ഷന്‍ താഴെയായി പുതിയ ഫെയ്‌സ്ബുക്കിലേക്ക് സ്വിച്ച് ചെയ്യാനുള്ള പ്രത്യേക ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഫെയ്‌സ്ബുക്ക് ലേ ഔട്ടിലേക്ക് മാറാം.

Top